തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് - പൊലീസ് തെരുവുയുദ്ധം

മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബുധനാഴ്ച രാത്രി നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കോഴിക്കോട് വടകരയിൽ ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്‌ഐ പ്രവർത്തകർ റോഡിൽതടഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. എന്നാൽ, പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയതോടെ പ്രതിഷേധ മാർച്ച് തെരുവുയുദ്ധമായി മാറുകയായിരുന്നു.
ഇക്കഴിഞ്ഞ രാത്രി എട്ടരയോടെയായിരുന്നു സംഘർഷം. വനിതകളടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പൊലീസിന്റെ ജലപീരങ്കിക്കുനേരെ പ്രതിഷേധക്കാർ തീപ്പന്തമെറിഞ്ഞു. തുടർന്ന്, പൊലീസ് ലാത്തിച്ചാർജ് നടത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണാ എസ്. നായർ, ഡിസിസി സെക്രട്ടറി ശ്രീകല, കോർപ്പറേഷൻ കൗൺസിലർ മേരി പുഷ്പം, ലീന എന്നിവരെ അറസ്റ്റു ചെയ്ത് രാത്രി വൈകീട്ടും നന്ദാവനം പൊലീസ് ക്യാമ്പിൽ കസ്റ്റഡിയിൽ വെച്ചു. വനിതകളെ പൊലീസ് വളഞ്ഞിട്ടുതല്ലിയെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.











